Month: ഒക്ടോബർ 2020

കാണ്മാനില്ല: ജ്ഞാനം

അമേരിക്കയില്‍ രണ്ടു വയസ്സുകാരനായ ഒരു കുട്ടിയെ കാണാതായി. എന്നാല്‍ അവന്റെ അമ്മയുടെ അടിയന്തിര സന്ദേശം ലഭിച്ചു മൂന്നു മിനിറ്റിനുള്ളില്‍ ഒരു നിയമപ്രവര്‍ത്തകന്‍ അവനെ വീട്ടില്‍നിന്നും രണ്ടു ബ്ലോക്കുകള്‍ അകലെയുള്ള ഒരു പാര്‍ക്കില്‍നിന്നും കണ്ടെത്തി. മുത്തച്ഛനോടൊപ്പം അന്ന് വൈകിട്ട് അവനെ അവിടേക്കു വിടാമെന്ന് അമ്മ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, അവന്‍ തന്റെ കളിപ്പാട്ട ട്രാക്ടര്‍ ഓടിച്ച് തന്റെ പ്രിയപ്പെട്ട റൈഡിനടുത്തു നിര്‍ത്തി. ആ കുട്ടി സുരക്ഷിതമായി വീട്ടിലെത്തിയപ്പോള്‍, പിതാവ് വിവേകപൂര്‍വ്വം കളിപ്പാട്ടത്തിന്റെ ബാറ്ററി നീക്കം ചെയ്തു.

ഈ കൊച്ചുകുട്ടി യഥാര്‍ത്ഥത്തില്‍ താന്‍ പോകാന്‍ ആഗ്രഹിക്കുന്നിടത്തേക്ക് പോകാന്‍ മിടുക്കനായിരുന്നു, എന്നാല്‍ രണ്ട് വയസ്സുള്ള കുട്ടികള്‍ക്ക് മറ്റൊരു പ്രധാന ഗുണം ഇല്ലായിരിക്കും: ജ്ഞാനം. മുതിര്‍ന്നവരായ നമുക്കുപോലും ചിലപ്പോള്‍ ഇത് കുറവായിരിക്കും. തന്റെ പിതാവായ ദാവീദിനു പകരം (1 രാജാക്കന്മാര്‍ 2) രാജാവായി നിയമിതനായ ശലോമോന്‍, തനിക്ക് ഒരു ബാലനെപ്പോലെ തോന്നുന്നതായി സമ്മതിച്ചു. ദൈവം സ്വപ്‌നത്തില്‍ അവനു പ്രത്യക്ഷനായി പറഞ്ഞു, ''നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്ളുക'' (3: 5). അവന്‍ മറുപടി പറഞ്ഞു, ''ഞാനോ ഒരു ബാലനത്രേ. കാര്യാദികള്‍ നടത്തുവാന്‍ എനിക്ക് അറിവില്ല ... ആകയാല്‍ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്യുവാന്‍ വിവേകമുള്ളൊരു ഹൃദയം എനിക്കു തരണമേ' (വാ. 7-9). 'ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്‍ക്കരയിലെ മണല്‍പോലെ ഹൃദയവിശാലതയും കൊടുത്തു' (4:29).

നമുക്ക് ആവശ്യമായ ജ്ഞാനം എവിടെ നിന്ന് ലഭിക്കും? ജ്ഞാനത്തിന്റെ ആരംഭം 'യഹോവാ ഭക്തി' അഥവാ യഹോവാ ഭയം ആണെന്ന് ശലോമോന്‍ പറഞ്ഞു (സദൃശവാക്യങ്ങള്‍ 9:10). അതിനാല്‍ തന്നെക്കുറിച്ച് നമ്മെ പഠിപ്പിക്കാനും നമ്മുടേതിനപ്പുറം ജ്ഞാനം നല്‍കാനും അവനോട് ആവശ്യപ്പെടുന്നതിലൂടെ നമുക്ക് ആരംഭിക്കാന്‍ കഴിയും.

ജീവിതത്തിലെ വ്യാളികളുമായി പോരാടുക

നിങ്ങള്‍ എപ്പോഴെങ്കിലും ഒരു വ്യാളിയോടു യുദ്ധം ചെയ്തിട്ടുണ്ടോ? ഇല്ല എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍, എഴുത്തുകാരന്‍ യൂജിന്‍ പീറ്റേഴ്സണ്‍ നിങ്ങളോട് വിയോജിക്കുന്നു. എ ലോംഗ് ഒബീഡിയന്‍സ് ഇന്‍ ദി സെയിം ഡയറക്ഷന്‍ എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു, നമ്മുടെ ഭയങ്ങളുടെ രേഖാചിത്രമാണ് വ്യാളികള്‍, നമ്മെ അപകടപ്പെടുത്താന്‍ കഴിയുന്ന എല്ലാറ്റിനെയും ചേര്‍ത്തുള്ള ഭയാനകമായ നിര്‍മ്മിതിയാണത്... അതിഗംഭീരമായ ഒരു വ്യാളിയെ നേരിടുന്ന ഒരു കര്‍ഷകന്‍ പൂര്‍ണ്ണമായും ഒരു ഉയര്‍ന്ന തലത്തിലെത്തുന്നു.' അദ്ദേഹം വ്യക്തമാക്കുന്നത്? ജീവിതം വ്യാളികളാല്‍ നിറഞ്ഞിരിക്കുന്നു: ജീവന്‍ അപകടപ്പെടുത്തുന്ന ആരോഗ്യ പ്രശ്‌നം, പെട്ടെന്നുള്ള തൊഴില്‍ നഷ്ടം, പരാജയപ്പെട്ട ദാമ്പത്യം, അന്യപ്പെട്ടുപോകുന്ന മുടിയനായ പുത്രന്‍. ഈ ''വ്യാളികള്‍'' നമുക്ക് ഒറ്റയ്ക്ക് പോരാടാന്‍ കഴിയാത്ത ജീവിതത്തിലെ അപകടങ്ങളും ദുര്‍ബലതകളുമാണ്.

എന്നാല്‍ ആ യുദ്ധങ്ങളില്‍ നമുക്ക്് ഒരു യോദ്ധാവ് ഉണ്ട്. ഒരു യക്ഷിക്കഥയിലെ വീരനല്ല - നമുക്കുവേണ്ടി പോരാടി നമ്മെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാളികളെ കീഴടക്കിയ ആത്യന്തിക യോദ്ധാവ്. അവ നമ്മുടെ പരാജയങ്ങളുടെ വ്യാളിയായാലും നമ്മുടെ നാശത്തെ ആഗ്രഹിക്കുന്ന ആത്മീയ ശത്രുക്കളായാലും, നമ്മുടെ യോദ്ധാവ് വലിയവനാണ്. യേശുവിനെക്കുറിച്ച് പൗലൊസ് ഇപ്രകാരം എഴുതി, ''വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വയ്പ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി' (കൊലൊസ്യര്‍ 2:15). തകര്‍ന്ന ഈ ലോകത്തിലെ വിനാശകരമായ ശക്തികള്‍ക്ക് അവനോടു പിടിച്ചുനില്‍ക്കാനാവില്ല!

ജീവിതത്തിലെ വ്യാളികള്‍ നമുക്ക് തോല്‍പ്പിക്കാനാവാത്തത്ര വളരെ വലുതാണെന്ന് നാം മനസ്സിലാക്കുന്ന നിമിഷമാണ് ക്രിസ്തുവിന്റെ രക്ഷയില്‍ വിശ്രമിക്കാന്‍ നാം തുടങ്ങുന്ന നിമിഷം. നമുക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, ''നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്‌തോത്രം' (1 കൊരിന്ത്യര്‍ 15:57).

ഒരാണ്ടത്തെ ബൈബിള്‍ വായന

കഠിനമായ വാക്കുകള്‍ വേദനിപ്പിക്കുന്നു. അതിനാല്‍ എന്റെ സുഹൃത്ത് - ഒരു അവാര്‍ഡ് നേടിയ എഴുത്തുകാരന്‍ - അദ്ദേഹത്തിന് ലഭിച്ച വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ വിഷമിച്ചു. അദ്ദേഹത്തിന്റെ പുതിയ പുസ്തകം പഞ്ചനക്ഷത്ര അവലോകനങ്ങളും ഒരു മുഖ്യ അവാര്‍ഡും കരസ്ഥമാക്കി. എല്ലാവരും ബഹുമാനിക്കുന്ന ഒരു മാസിക നിരൂപകന്‍, അദ്ദേഹത്തിന്റെ പുസ്തകം നന്നായി എഴുതിയതാണെന്ന് അഭിനന്ദിച്ചശേഷം അതിനെ നിശിതമായി വിമര്‍ശിച്ചു. സുഹൃത്തുക്കളിലേക്ക് തിരിഞ്ഞ് അദ്ദേഹം ചോദിച്ചു, ''ഞാന്‍ എങ്ങനെ മറുപടി നല്‍കണം?''

ഒരു സുഹൃത്ത് ഉപദേശിച്ചു, ''അത് വിട്ടുകളയുക.'' ജോലി ചെയ്യുന്നതിലും എഴുതുന്നതിലും തുടരുമ്പോഴും അത്തരം വിമര്‍ശനങ്ങള്‍ അവഗണിക്കാനോ അതില്‍ നിന്ന് പഠിക്കാനോ ഉള്ള നുറുങ്ങുകള്‍ ഉള്‍പ്പെടെ മാസികകള്‍ എഴുതുന്നതില്‍ നിന്നുള്ള ഉപദേശം ഞാനും പങ്കിട്ടു.

എന്നിരുന്നാലും, അവസാനമായി, ശക്തമായ വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് തിരുവെഴുത്തിന് -അതിലാണ് ഏറ്റവും മികച്ച ഉപദേശമുള്ളത് - എന്താണ് പറയാനുള്ളതെന്ന് കാണാന്‍ ഞാന്‍ തീരുമാനിച്ചു. യാക്കോബിന്റെ ലേഖനം ഉപദേശിക്കുന്നത്, ''ഏതു മനുഷ്യനും കേള്‍ക്കുവാന്‍ വേഗതയും പറയുവാന്‍ താമസവും കോപത്തിനു താമസവുമുള്ളവന്‍ ആയിരിക്കട്ടെ'' (1:19). 'പരസ്പരം ഐക്യത്തോടെ ജീവിക്കാന്‍'' അപ്പോസ്തലനായ പൗലൊസ് നമ്മെ ഉപദേശിക്കുന്നു (റോമര്‍ 12:16).

സദൃശവാക്യങ്ങളുടെ ഒരു മുഴുവന്‍ അധ്യായവും തര്‍ക്കങ്ങളോട് പ്രതികരിക്കുന്നതിനുള്ള വിപുലമായ ജ്ഞാനം നല്‍കുന്നു. സദൃശവാക്യങ്ങള്‍ 15:1 പറയുന്നു: ''മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു.' ''ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു'' (വാക്യം 18). കൂടാതെ, ''ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു'' (വാ. 32). അത്തരം ജ്ഞാനം കണക്കിലെടുക്കുമ്പോള്‍, എന്റെ സുഹൃത്ത് ചെയ്തതുപോലെ, നമ്മുടെ നാവിനെ നിയന്ത്രിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. എന്നിരുന്നാലും, എല്ലാറ്റിനുമുപരിയായി, 'കര്‍ത്താവിനെ ഭയപ്പെടുവാന്‍'' ജ്ഞാനം നമ്മെ ഉപദേശിക്കുന്നു, കാരണം ''മാനത്തിന് വിനയം മുന്നോടിയാകുന്നു'' (വാ. 33).

ശാഠ്യ സ്വഭാവം

ഒരു പ്രശസ്തമായ ഇംഗ്ലീഷ് ആനിമേഷന്‍ സിനിമ, ശാഠ്യക്കാരായ രണ്ട് ആനിമേറ്റഡ് ജീവികളുടെ കഥയാണു പറയുന്നത്. മനുഷ്യരൂപത്തിലുള്ള ജീവികളില്‍ ഒന്ന് വടക്കോട്ടു പോകാന്‍ താല്പര്യപ്പെടുമ്പോള്‍ മറ്റേത് തെക്കോട്ടു പോകണമെന്നു വാശി പിടിക്കുന്നു. ഒരു പുല്‍മേടിന്റെ മധ്യത്തില്‍ വെച്ച് ഇരുവരും കണ്ടുമുട്ടുന്നു, എന്നാല്‍ ഈ ശാഠ്യക്കാരായ രണ്ട് കഥാപാത്രങ്ങളും വഴിമാറാന്‍ തയ്യാറാകുന്നില്ല. 'ലോകം മുഴുവനും നിശ്ചലമായാലും' താന്‍ അവിടെത്തന്നെ നില്‍ക്കും എന്ന് ഒന്നാമത്തെ ജീവി ശഠിക്കുന്നു (എന്നാല്‍ ലോകം നീങ്ങുകയും അവര്‍ക്ക് ചുറ്റും ഒരു ഹൈവേ നിര്‍മ്മിക്കുകയും ചെയ്യുന്നു.)

മനുഷ്യ പ്രകൃതത്തെക്കുറിച്ചുള്ള അസുഖകരവും കൃത്യവുമായ ഒരു ചിത്രം ഈ കഥ നല്‍കുന്നു. നാമാണ് ശരി എന്ന് അംഗീകരിക്കപ്പെടാനുള്ള ഒരു ''ആവശ്യം'' നമുക്കുണ്ട്, മാത്രമല്ല വിനാശകരമായ വഴികളിലൂടെ ആ സഹജാവബോധത്തോട് പറ്റിനില്‍ക്കാനുള്ള പ്രവണതയും നമുക്കുണ്ട്!

സന്തോഷകരമെന്നു പറയട്ടെ, ധാര്‍ഷ്ട്യമുള്ള മനുഷ്യഹൃദയങ്ങളെ മയപ്പെടുത്താന്‍ ദൈവം സ്‌നേഹപൂര്‍വ്വം തിരഞ്ഞെടുക്കുന്നു. അപ്പൊസ്തലനായ പൗലൊസിന് ഇത് അറിയാമായിരുന്നു, അതിനാല്‍ ഫിലിപ്പിയന്‍ സഭയിലെ രണ്ട് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കിക്കുമ്പോള്‍ അവരെ അഭിസംബോധന ചെയ്യാന്‍ തക്കവണ്ണം അവന്‍ അവരെ സ്‌നേഹിച്ചു (ഫിലിപ്പിയര്‍ 4:2). ക്രിസ്തുവിനെപ്പോലെ സ്വയം അര്‍പ്പിക്കുന്ന സ്‌നേഹത്തിന്റെ അതേ 'ഭാവം തന്നെ' ഉണ്ടായിരിക്കണമെന്ന് നേരത്തെ വിശ്വാസികളോട് നിര്‍ദ്ദേശിച്ച പൗലൊസ്, സുവിശേഷഘോഷണത്തില്‍ തന്നോടൊപ്പം പോരാടിയതിനു താന്‍ വിലമതിക്കുന്ന ''ഈ സ്ത്രീകള്‍ക്കു തുണനില്‍ക്കാന്‍'' അവരോട് ആവശ്യപ്പെട്ടു (4: 3). ഇത് സമാധാനമുണ്ടാക്കുന്നതിനും കൂട്ടായ പരിശ്രമത്തിനുള്ള വിവേകപൂര്‍ണ്ണമായ ഒത്തുതീര്‍പ്പിനുമുള്ള ആഹ്വാനമാണ്.

തീര്‍ച്ചയായും, ഉറച്ച നിലപാട് സ്വീകരിക്കേണ്ട സമയങ്ങളുണ്ട്, എന്നാല്‍ ക്രിസ്തുതുല്യമായ സമീപനം ശാഠ്യത്തോടെയുള്ള നിലപാടിനെക്കാള്‍ തികച്ചും വ്യത്യസ്തമായിരിക്കും! ജീവിതത്തിലെ പല കാര്യങ്ങളും പരസ്പരം പൊരുതാന്‍ തക്ക മൂല്യമുള്ളവയല്ല. ഒന്നുകില്‍ നമുക്ക് നശിക്കുവോളം എല്ലാ നിസ്സാരകാര്യങ്ങള്‍ക്കും വേണ്ടി പരസ്പരം കലഹിക്കാം (ഗലാത്യര്‍ 5:15). അല്ലെങ്കില്‍ നമ്മുടെ അഹങ്കാരത്തെ മാറ്റിവെച്ച് ജ്ഞാനപൂര്‍വമായ ഉപദേശം സ്വീകരിക്കുകയും നമ്മുടെ സഹോദരീസഹോദരന്മാരുമായി ഐക്യപ്പെടുകയും ചെയ്യാം.

നാം പ്രാധാന്യമുള്ളവരോ?

കുറച്ച് മാസങ്ങളായി, വിശ്വാസത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരു യുവാവുമായി ഞാന്‍ കത്തിടപാടുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു അവസരത്തില്‍ അദ്ദേഹം എഴുതി, ''നമ്മള്‍ കേവലം ചരിത്രത്തിന്റെ സമയരേഖയിലെ കൊച്ചു കൊച്ചു പൊട്ടുകള്‍ അല്ലാതൊന്നുമല്ല. നമുക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ?'

യിസ്രായേലിന്റെ പ്രവാചകനായിരുന്ന മോശെ അതു സമ്മതിക്കും: ''ഞങ്ങളുടെ ആയുഷ്‌കാലം ... അതു വേഗം തീരുകയും ഞങ്ങള്‍ പറന്നുപോകുകയും ചെയ്യുന്നു' (സങ്കീര്‍ത്തനം 90:10). ജീവിതത്തിന്റെ ക്ഷണികത നമ്മെ വിഷമിപ്പിക്കുകയും നമുക്ക് പ്രാധാന്യമുണ്ടോ എന്ന് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

നമുക്കു പ്രാധാന്യമുണ്ട്. നമ്മെ സൃഷ്ടിച്ച ദൈവത്താല്‍ നാം ആഴമായി, നിത്യമായി സ്‌നേഹിക്കപ്പെടുന്നതിനാല്‍ നമുക്കു പ്രാധാന്യമുണ്ട്. ഈ സങ്കീര്‍ത്തനത്തില്‍ മോശെ പ്രാര്‍ത്ഥിക്കുന്നു, ''ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കണമേ' (വാക്യം 14). നാം പ്രാധാന്യമുള്ളവരാണ് കാരണം നാം ദൈവത്തിനു പ്രാധാന്യമുള്ളവരാണ്.

നമുക്കു ദൈവസ്‌നേഹം മറ്റുള്ളവരോട് കാണിക്കാന്‍ കഴിയുമെന്നതിനാല്‍ നമുക്കു പ്രാധാന്യമുണ്ട്. നമ്മുടെ ജീവിതം ഹ്രസ്വമാണെങ്കിലും, ദൈവസ്‌നേഹത്തിന്റെ ഒരു പൈതൃകം വെച്ചിട്ടുപോകാന്‍ നമുക്കു കഴിയുമെങ്കില്‍ അവ അര്‍ത്ഥശൂന്യമല്ല. പണം സമ്പാദിക്കാനും മികച്ച നിലയില്‍ വിരമിക്കല്‍ ജീവിതം നയിക്കാനുമല്ല നാം ഇവിടെ ഭൂമിയില്‍ ആയിരിക്കുന്നത്, മറിച്ച് മറ്റുള്ളവര്‍ക്ക് ദൈവസ്‌നേഹം കാണിച്ചുകൊടുത്തുകൊണ്ട് 'ദൈവത്തെ വെളിപ്പെടുത്തുവാന്‍' ആണ്.

ഒടുവിലായി, ഈ ഭൂമിയിലെ ജീവിതം ക്ഷണികമാണെങ്കിലും, ഞങ്ങള്‍ നിത്യതയ്ക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാം എന്നേക്കും ജീവിക്കും. ദൈവം ''കാലത്തു തന്നേ (തന്റെ) ദയകൊണ്ടു നമ്മെ തൃപ്തരാക്കും'' എന്ന് ഉറപ്പുനല്‍കിയപ്പോള്‍ മോശെ ഉദ്ദേശിച്ചത് അതാണ്. ആ ''പ്രഭാതത്തില്‍'' നാം ജീവിക്കുവാനും സ്‌നേഹിക്കുവാനും എന്നെന്നേക്കുമായി സ്‌നേഹിക്കപ്പെടാനുമായി ഉയിര്‍ത്തെഴുന്നേല്ക്കും. അത് അര്‍ത്ഥവത്തായി തോന്നുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് അര്‍ത്ഥമുള്ളതെന്ന് എനിക്കറിയില്ല.